Thursday, April 26, 2018

അസ്തിത്വവാദം

അസ്തിത്വവാദം

യൂറോപ്പിൽ ഉടലെടുത്ത ഒരു പ്രത്യേക ജീവിതവീക്ഷണമാണു് അസ്തിത്വവാദം. വ്യക്തിത്വത്തിനും സ്വതന്ത്ര ഇച്ഛയ്ക്കും പ്രാധാന്യം കല്പിക്കയും യുക്തിയെക്കാൾ ഇച്ഛയ്ക്കു മുൻതൂക്കം നല്കുകയും ഇച്ഛാനുസരണം വിധിയെ നിയന്ത്രിക്കാൻ കഴിയും എന്നു വിശ്വസിക്കയും ചെയ്യുക എന്നതാണ് ഈ വീക്ഷണത്തിന്റെ കാതൽ. അസ്തിത്വവാദികൾ മനുഷ്യന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നതോടൊപ്പം ഭാവിയെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയും എന്ന വാദത്തെ നിരാകരിക്കയും ചെയ്യുന്നു. ഇവർ അസ്തിത്വത്തിന്റെ നിസ്സാരതയെപ്പറ്റി ഊന്നിപ്പറയുകയും പ്രപഞ്ചം അർഥശൂന്യമാണെന്നു വാദിക്കുകയും സാൻമാർഗികമൂല്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.

ഡാനിഷ് ചിന്തകനായ കീർക്കഗോർ അസ്തിത്വവാദത്തിന്റെ പിതാവായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മിക്ക അസ്തിത്വവാദികളെയും സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ കൃതികൾക്കു വലിയ വില കല്പിക്കപ്പെട്ടിരുന്നില്ലെങ്കിലും 1909-14-ൽ ഇവയുടെ ജർമൻ പരിഭാഷ പുറത്തു വന്നതോടുകൂടി ഇവയുടെ സ്വാധീനം വർധിച്ചുതുടങ്ങി. വൈപരീത്യങ്ങളും തിന്മകളും നിറഞ്ഞ ലോകത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്നു കീർക്കഗോറിന് തോന്നി. ഈ പരിതഃസ്ഥിതിയിൽനിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗത്തെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചു. ഭയവും ഉത്കണ്ഠയുംമൂലം മനുഷ്യന്റെ അസ്തിത്വം പീഡിതമാണ്. ഈ അവസ്ഥയിൽനിന്നു രക്ഷ നേടുന്നതിന് അദ്ദേഹം ഈശ്വരസത്തയിൽ വിശ്വസിക്കുന്നു. മീൻ, മരം, കല്ല്, മനുഷ്യൻ തുടങ്ങിയവയെല്ലാം അസ്തിത്വമുള്ളവയാണ്. എന്നാൽ പുതിയ അർഥത്തിൽ അസ്തിത്വം മനുഷ്യനുമാത്രമേ ഉള്ളു. ഒരു ഉദാഹരണംകൊണ്ട് കീർക്കഗോർ ഇതു വ്യക്തമാക്കുന്നു. കുതിരവണ്ടിയിൽ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാൾ കടിഞ്ഞാൺ കൈയിൽ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്; അയാളുടെ യാത്രയെക്കുറിച്ച് അയാൾ ബോധവാനല്ല. പരിചയംമൂലം കുതിര നിർദിഷ്ടമാർഗ്ഗത്തിലൂടെ പോകുന്നു. രണ്ടാമൻ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ടു സവാരിക്കാർക്കും ഒരുവിധത്തിൽ അസ്തിത്വം അവകാശപ്പെടാമെങ്കിലും കീർക്കഗോർ വിവരിക്കുന്ന രീതിയിലുള്ള അസ്തിത്വം ഇതിൽ രണ്ടാമനു മാത്രമേ ഉള്ളു. ഈ അസ്തിത്വം ബോധപൂർവം ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന വ്യക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ശാസ്ത്രീയമായോ അതിഭൌതികമായോ മനുഷ്യനെ മനസ്സിലാക്കുക സാധ്യമല്ലെന്നും അവൻ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും സ്വതന്ത്രനാണെന്നും അതുകൊണ്ടുതന്നെ ദുഃഖിതനുമാണെന്നും അസ്തിത്വവാദം സമർഥിക്കുന്നു. അവന്റെ ഭാവി അവന്റെ സ്വതന്ത്രമായ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് മുൻവിധി സാധ്യമല്ല.

ഡൻമാർക്കിലെ സോറൻ കീർക്കെഗാഡ്,ഫ്രാൻസിലെ ഴാങ് പോൾ സാർത്ര് അൽബേർ കാമ്യു,ജർമനിയിലെ ജൊഹാൻ ഹാമാൻ നിക്കൊളായ് ബർദിയായേഫ് ഫ്രഡറിക് നീഷെ, ഫ്രാൻസ് കാഫ്ക തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികൾ

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...