Wednesday, April 25, 2018

നിരീശ്വരവാദം - ജൈനദർശനം

നിരീശ്വരവാദം -ജൈനദർശനം

ബുദ്ധമതത്തെക്കാൾ പ്രാചീനമായ ജൈനമതം ഈശ്വരാസ്തിത്വത്തെക്കുറിച്ച് തികഞ്ഞ ഉദാസീനത കാണിച്ചിരുന്നു. അവർ പ്രപഞ്ചത്തിലെ സർവ പദാർഥങ്ങളെയും ജീവനുള്ളവയെന്നും, ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കുന്നു. കാലം, ആകാശം, പുദ്ഗലം (ദ്രവ്യം), ധർമം, അധർമം എന്നിങ്ങനെ അഞ്ചായി അജീവ വസ്തുക്കളെ തരംതിരിക്കുന്നു. നന്മ, തിന്മ, അശുദ്ധം തുടങ്ങി ഏഴു ധർമങ്ങളെക്കൂടി അവർ പരിഗണിക്കുന്നു. ജീവനില്ലാത്തവയുമായി ജീവൻ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബന്ധനങ്ങളിൽനിന്ന് എങ്ങനെ വിമുക്തമാവുന്നുവെന്നും വിശദീകരിക്കാനാണ് ഈ സങ്കല്പങ്ങൾ ഉപയോഗിച്ചിരുന്നത്. ഈ ഘട്ടത്തിൽ ഒരിടത്തും അവർ ഈശ്വരനെ സങ്കല്പിച്ചിട്ടില്ല. ഈശ്വരവാദത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെയും അവർ നിരീശ്വരവാദപക്ഷത്ത് ഉറച്ചുനിന്നു. ദാർശനികമായി കരുത്തുറ്റ ഉജ്ജ്വല താർക്കികരായിരുന്നു ജൈനമത പണ്ഡിതർ. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൈന സാഹിത്യകാരനായ ഹരിഭദ്രന്റെ സദ്ദർശന സമുച്ചയത്തിന് ഗുണരത്നൻ എഴുതിയ ഭാഷ്യമായ തർക്ക രഹസ്യദീപിക പില്ക്കാല ന്യായവൈശേഷികരുടെ ഈശ്വരവാദത്തെ നിരാകരിക്കുന്നു. ലോകം നിത്യമാണ്; അതുകൊണ്ട് അതിൽ 'കാര്യ'മില്ല. ചിലപ്പോൾ സംഭവിക്കുന്നതും സംഭവിക്കാത്തുമാണ് കാര്യം. ലോകത്തിന് ഈ സ്വഭാവമില്ല. അതുകൊണ്ട് ഇതിന് കാരണവുമില്ല. കാരണമില്ലാത്തതുകൊണ്ട് ഈശ്വരനുമില്ല എന്ന് ഗുണരത്നൻ വാദിക്കുന്നു. ഈശ്വരൻ സർവജ്ഞനാണെങ്കിൽതന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന അസുരന്മാരെ സൃഷ്ടിച്ചതെന്തിന്? ഈശ്വരാസ്തിത്വം തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളെ സൃഷ്ടിച്ചതെന്തിന്? എന്നിങ്ങനെ പരിഹസിക്കുകയും ചെയ്യുന്നു. "

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...