Tuesday, August 10, 2021

പുഷ്കിൻ - ഗായകൻ

പുഷ്കിൻ - ഗായകൻ
നീ കേട്ടുവോ,
രാത്രിയിൽ കാടുകൾക്കുമപ്പുറം
പ്രണയത്തെയും ശോകത്തെയും
കുറിച്ചു പാടുന്നവനെ?
പുലർവെളിച്ചം കാത്തു പാടങ്ങൾ
മൗനം പൂണ്ടു കിടക്കുമ്പോൾ
ഒരു പുല്ലാങ്കുഴലിന്റെ
സരളവും തരളവുമായ ഗാനം-
നീയതു കേട്ടുവോ?

നീ കണ്ടുവോ,
കാടിരുളുന്ന രാത്രിയിൽ
പ്രണയത്തെയും ശോകത്തെയും
കുറിച്ചു പാടുന്നവനെ?
അവന്റെ കണ്ണീരു നീ കണ്ടുവോ,
അവന്റെ പുഞ്ചിരി നീ കണ്ടുവോ,
നിത്യശോകം സ്ഫുരിക്കുന്ന
ശാന്തമായൊരു നോട്ടം-
നീയതു കണ്ടുവോ?
നീ നിശ്വസിച്ചുവോ,
ഒരു സൗമ്യവിലാപം പോലെ
പ്രണയത്തെയും ശോകത്തെയും
കുറിച്ചവൻ പാടുമ്പോൾ?
കാടുകളിലേകനായവനലയുന്നതു
കാണുമ്പോൾ,
ഒരുനാളുമാനന്ദമറിയാത്ത കണ്ണുകൾ
നിന്റെ മേൽ വീഴുമ്പോൾ-
നീ നിശ്വസിച്ചുവോ?

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...