Monday, July 9, 2018

റൂമി – യാത്രകൾ നല്ലതാണ്‌

റൂമി – യാത്രകൾ നല്ലതാണ്‌

ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കിൽ,
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കിൽ
മഴു വീഴുന്നതും കാത്തതു നിൽക്കുമായിരുന്നോ?
ഭൂമിക്കടിയിൽ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങൾക്കറിയുന്നതല്ലേ?
അതില്ലായിരുന്നുവെങ്കിൽ പിറ്റേന്നതികാലത്ത്
പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാൻ?
എന്തതിശയവേഗത്തിലാണുപ്പുവെള്ളം
മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങൾ കണ്ടിട്ടുള്ളതല്ലേ?
അതങ്ങനെ ചെയ്തിട്ടല്ലേ
നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാൻ മഴ പെയ്യുന്നതും?
അടുത്തെങ്ങാൻ നിങ്ങൾ ജോസഫിനെക്കുറിച്ചോർത്തുനോക്കിയിട്ടുണ്ടോ?
കണ്ണീരോടെയല്ലേ അവൻ തന്റെ പിതാവിനെ പിരിഞ്ഞത്?
സ്വപ്നങ്ങൾ വായിക്കാൻ പഠിച്ചിട്ടല്ലേ അവൻ തിരികെ വന്നതും?
നിങ്ങൾ, നിങ്ങൾക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കിൽ
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ!
ഒരു മാണിക്യഖനിയല്ലേ നിങ്ങൾ,
സൂര്യന്റെ പാരിതോഷികങ്ങൾക്കു ഭാജനമാകൂ!
നിങ്ങളൊരാണാണെങ്കിൽ
തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ!
നിങ്ങളൊരു പെണ്ണാണെങ്കിൽ
തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ!
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ
മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ!
അതിനാൽ ദൂരെക്കളയുക പരിഭവങ്ങൾ,
ആത്മാനുകമ്പയും മരണവാഞ്ഛയും.
കനികളെത്രയാണ്‌
കയ്പിൽ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു
നിങ്ങൾക്കിനിയും ബോദ്ധ്യമായിട്ടില്ലേ?
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു.
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും
. ഫലങ്ങൾ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക. .

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...