Monday, April 23, 2018

മാധവിക്കുട്ടി - കാട്ടുബൊഗെയിൻവില്ലകൾ

മാധവിക്കുട്ടി - കാട്ടുബൊഗെയിൻവില്ലകൾ

വിഷാദവതിയായി നടന്ന ഒരു കാലം
കല്ക്കട്ടയിൽ എനിക്കുണ്ടായിരുന്നു
, ശവമഞ്ചത്തെ അനുഗമിക്കുന്നവരെപ്പോലെ
മന്ദമായി, മ്ളാനമായി കടന്നുപോയ ചില നാളുകൾ
... അന്നെന്റെ കിടക്ക പോലും എനിക്കു വിശ്രമം തന്നിരുന്നില്ല,
കോളു കൊണ്ട കടലെന്നപോലെ അതെന്നെ തട്ടിയുരുട്ടിയിരുന്നു,
അന്നു ഞാനെത്ര കരഞ്ഞു, എത്ര വിലപിച്ചു,
അന്യനാട്ടുകാരനായ ഒരു പുരുഷനായി എത്ര ഞാൻ ദാഹിച്ചു..
. പിന്നെ, പതിയെപ്പതിയെ, എന്റെ പ്രണയം വാടിത്തളർന്നു,
ഞാൻ നടക്കാനിറങ്ങി, അറിയാത്ത വഴികളിലൂടെ ഞാൻ നടന്നു,
ഇഷ്ടം തോന്നുന്ന മുഖങ്ങൾ ഞാൻ കണ്ടു.
അതൊരു നല്ല ലോകമായിരുന്നു,
ശ്രദ്ധ പതറിക്കാൻ പലതുമതിലുണ്ടായിരുന്നു,
കടലോരം ചേർന്ന തെരുവുകളിലൂടെ ഞാൻ നടന്നു,
പൊന്തിക്കിടക്കുന്ന ബാർജ്ജുകൾ ഞാൻ കണ്ടു,
അവയുടെ അടിഭാഗങ്ങൾ അഴുകിയിരുന്നു,
അഴുക്കും ചണ്ടിയും കിടന്നഴുകിയിരുന്നു
, ചത്ത മീനുകൾ അഴുകിക്കിടന്നിരുന്നു
, ചാവുന്ന വസ്തുക്കളുടെ മണം ഞാൻ മണത്തു,
ചത്തു ചീയുന്നവയുടെ കൊടുംനാറ്റം ഞാൻ മണത്തു,
രാത്രിയിൽ തെരുവുകളിലൂടെ ഞാൻ നടന്നു
, കണ്ണിൽ കുത്തുന്ന പോലെ മുലകൾ തുറുപ്പിച്ചുകൊണ്ട്
വേശ്യകളവിടെ ചുറ്റിയടിച്ചിരുന്നു
, വിളറിയ മന്ദഹാസങ്ങൾ ആണുങ്ങൾക്കു നേർക്കെറിഞ്ഞുകൊണ്ട്
മഞ്ഞിച്ച തെരുവിളക്കുകൾക്കടിയിലൂടവർ നടന്നിരുന്നു.
പുരാതനമായ ശവപ്പറമ്പുകൾക്കരികിലൂടെ ഞാൻ നടന്നു,
മരണമത്രമേൽ കീഴടക്കിയവർ അവിടെയടങ്ങുന്നു,
അവരുടെ തലക്കല്ലുകളിൽ കൊത്തിയ പേരുകൾ
മഴയത്തൊലിച്ചു പോയിരിക്കുന്നു,
വിരൂപമായ പല്ലുകൾ പോലെ മഞ്ഞിച്ച കല്ലുകൾ,
ഒരു പൂവിതളും ഒരു കണ്ണീർത്തുള്ളിയും അവയ്ക്കു മേൽ വീഴുന്നില്ല.
എന്നാൽ ആ പുരാതനമായ മക്ബറകൾക്കരികിൽ ഞാൻ കണ്ടു
, ചില ജമന്തിച്ചെടികൾ പൂത്തുനില്ക്കുന്നത്,
അവയുടെ മീനാരങ്ങളിൽ ചുവന്ന കാട്ടുബൊഗൈൻവില്ല പടർന്നുകയറുന്നത്.
ഞാൻ നടന്നു, ഞാൻ കണ്ടു, ഞാൻ കേട്ടു,
നഗരം എനിക്കായി മെരുങ്ങിത്തന്നു
, പ്രത്യേകിച്ചൊരാളുടെ സ്പർശത്തിനായുള്ള എന്റെ ദാഹം
പിന്നെ കുറഞ്ഞുകുറഞ്ഞുവന്നു,
പിന്നെയൊരു ദിവസം ഞാനയാൾക്കൊരു പനിനീർപ്പൂച്ചെണ്ടു കൊടുത്തയച്ചു,
എന്നിട്ടു രാത്രി മുഴുവൻ ഞാൻ കിടന്നുറങ്ങി,
സ്വപ്നരഹിതമായ നിശ്ശബ്ദനിദ്ര,
രാവിലെ ഞാനുണർന്നു, സ്വതന്ത്രയായി.
(1965)

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...