Monday, April 23, 2018

മാധവിക്കുട്ടി - ഒരുനാൾ ഞാൻ



മാധവിക്കുട്ടി - ഒരുനാൾ ഞാൻ










ഒരുനാൾ ഞാനുപേക്ഷിച്ചുപോകും,
രാവിലത്തെ ചായയും
വാതില്ക്കൽ വച്ചെറ്റിവിടുന്ന പ്രണയവചനങ്ങളും
പിന്നെ നിന്റെ തളർന്ന കാമവും കൊണ്ട്
എനിക്കു ചുറ്റും നീ പണിത കൊക്കൂൺ
ഒരുനാൾ ഞാനുപേക്ഷിച്ചു പോകും.
ഒരുനാൾ ഞാൻ ചിറകെടുക്കും,
വിമുക്തമായ പൂവിതളുകളെപ്പോലെ
പറന്നുനടക്കും,
എന്റെ പ്രിയനേ, നീയോ,
നീ ഒരു വേരിന്റെ ദയനീയമായ ശേഷിപ്പു മാത്രമായി
പിന്നിൽ ഒരിരട്ടക്കട്ടിലിൽ കിടക്കണം,
അഭിമാനഹീനനായി വ്യസനിക്കണം.
എന്നാൽ, പിന്നെയൊരുനാൾ
ഞാൻ മടങ്ങിവരും,
മിക്കവാറുമെല്ലാം നഷ്ടപ്പെട്ട്,
കാറ്റിനാൽ, മഴയാൽ, വെയിലാൽ മുറിപ്പെട്ട്,
മറ്റൊരുലാത്തലോ,
സ്വാതന്ത്ര്യത്തിന്റെ മറ്റൊരിടവേളയോ
ആഗ്രഹിക്കാൻ തോന്നാത്തത്ര
പ്രചണ്ഡാനന്ദത്താൽ മുറിപ്പെട്ട്...
മാംസമുതിർന്ന്, സിരകളഴിഞ്ഞ്, ചോര വാർന്ന്
വെറുമൊരെല്ലിൻകൂടാണെന്റെ ലോകമെന്ന്
അന്നു ഞാൻ കാണും.
അപ്പോൾ കണ്ണുകളിറുക്കിയടച്ചു ഞാനഭയം തേടും,
മറ്റെങ്ങുമല്ലെങ്കിൽ,
പരിഹാസം പരിചിതമായ നിന്റെ കൂട്ടിൽ...


No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...