Wednesday, July 25, 2018

ജറുസലം - നിസാർ ബ്ബാനി

ജറുസലം-നിസാർ ബ്ബാനി
ഞാൻ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ
. മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.

ഞാൻ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.

ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .

എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവൾ,
വിമോഹിനി.

നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളിൽ
നിറവിഷാദം.

നബി കടന്നുപോയ
തണല്‍പച്ചകൾ,
ശിലാവൃതമായ തെരുവുകൾ,
മസ്ജിദ്ഗോപുരങ്ങൾ ,
എല്ലാം മ്ളാനമയം.

കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളിൽ
മൃതദിവ്യകുടീരത്തിൽ
ആരു മണിമുഴക്കും?

നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .

ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?

ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.

ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...