Sunday, July 8, 2018

ഗദ്ദർ-രചന ഭാനുകളിരിക്കൽ

ഗദ്ദർ-രചന ഭാനുകളിരിക്കൽ



നഗരത്തിന്റെ സായാഹ്ന കൂടിച്ചേരലില്‍
പെറ്റിബൂര്‍ഷ്വാ വായാടികള്‍ക്ക്
വിപ്ലവകവിത പകര്‍ന്ന്
ചിരിച്ചുന്മത്തനായി
മറ്റൊരു സായാഹ്നത്തിലേയ്ക്ക്
തിരിച്ചു പോകാന്‍
വന്നവനല്ല അവന്‍.
നെഞ്ചിലേറ്റ വെണ്ടിയുണ്ടകളുമായി,
കാട്ടുചെണ്ടയുടെ ക്രൗര്യവുമായി
തെലുഗുപാടങ്ങളില്‍ നിന്ന്‌ നരച്ച താടിയുമായി വന്നത്
ഞാന്‍ ഇവിടെയുണ്ട് എന്ന് അലറുവാന്‍
എന്റെ കവിത
മാമ്പൂവുകളുടെ നഷ്ടത്തെ കുറിച്ചും
കെട്ടുപോയ പ്രണയങ്ങളെ കുറിച്ചും
വിലപിക്കില്ലെന്നു പ്രഖ്യാപിക്കുവാന്‍
അവന്റെ കവിത
പാല്‍ നിറമെന്തന്നറിയാത്ത
ഇടയബാലനെ കുറിച്ചും
കൊയ്‌ത്തു കഴിഞ്ഞ ഗോതമ്പു പാടത്ത്‌
വിശന്നു മരിച്ച കര്‍ഷകനെ കുറിച്ചും പാടും
അവന്റെ കവിത
കാടുകള്‍ നഷ്ടപ്പെട്ട ആദിവാസിയുടെ
ദുരിതങ്ങള്‍ പങ്കുവെയ്ക്കും
പോരാട്ടത്തില്‍ കൊല്ലപ്പെട്ട
വിപ്ലവ ധീരന്റെ
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചു പാടും
ഡമരുവിന്റെ താളത്തില്‍
അര്‍ദ്ധനഗ്നന്റെ നൃത്തച്ചുവടുകള്‍
നഗരത്തെ
കവിതയുടെ ഉന്മാദത്തിലേയ്ക്ക് ഉണര്‍ത്തും.
വെടിയുണ്ടകളെ കീഴ്പ്പെടുത്തി
അവന്‍ വന്നത്
നിങ്ങളുടെ ബൌദ്ധീക വാചാലതകളില്‍
ഉത്തരാധുനികതയുടെ ശ്രേഷ്ഠത പുലമ്പുവാനല്ല.
ഗോദാവരിയുടെ തീരങ്ങളില്‍
, തെലുങ്കാനയില്‍
രക്തം ചൊരിഞ്ഞ ധീരരുടെ
അണയാത്ത കണ്ണുകളെ കുറിച്ച് പാടുവാന്‍.
മനുഷ്യര്‍ പട്ടിണി കിടക്കുന്ന കാലത്തോളം
പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും
ചരിത്രം അവസാനിക്കുകയല്ല
തുടങ്ങിയതേയുള്ളൂ എന്നും
ഓര്‍മ്മിപ്പിക്കുവാന്‍

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...