Friday, July 27, 2018

നെരൂദ – മൂന്നു നദികൾ

നെരൂദ – മൂന്നു നദികൾ
ആമസോൺ
ആമസോണേ,
ജലമാത്രകളുടെ തലനഗരമേ,
തറവാടിനു കാരണവരേ,
ഉർവരതയുടെ
നിഗൂഢനിത്യത നീ,
പുഴകൾ പറവകളെപ്പോലെ നിന്നിൽ കൂടണയുന്നു,
അഗ്നിവർണ്ണമായ പുഷ്പപുടങ്ങൾ നിന്റെയുടലു പൊതിയുന്നു,
പട്ടുപോയ വന്മരങ്ങൾ നിന്നെ വാസനപ്പെടുത്തുന്നു,
ചന്ദ്രനാവില്ല നിന്നെ കണ്ണുകളിലൊതുക്കാൻ, നിന്റെയളവെടുക്കാൻ.
ദാമ്പത്യവൃക്ഷം പോലെ
ഹരിതബീജം നിറഞ്ഞുമുട്ടിയവൻ നീ,
വന്യവസന്തത്തിൽ നീ വെള്ളി പൂശുന്നു,
കാടുകൾ നിന്നെ ചെമലയാക്കുന്നു,
നിലാവു വീഴുന്ന ശിലകൾക്കിടയിൽ നീ നീലിയ്ക്കുന്നു,
ആവിയെടുത്തുടുക്കുന്നവൻ നീ,
ഭ്രമണം ചെയ്യുന്ന ഗ്രഹം പോലെ അലസഗാമിയും നീ.


ടെക്വെൻഡാമാ

നീയോർക്കുന്നുവോ,
വിജനമായ മലമുടികളിലൂടെ
നിന്റെയേകാന്തസഞ്ചാരം-
കാടുകളിലൊരു നൂൽ,
മെലിഞ്ഞൊരിച്ഛാശക്തി,
സ്വർഗ്ഗീയമായൊരിഴ,
വെള്ളിനിറത്തിലൊരു കണ-
നീയോർക്കുന്നുവോ, തട്ടുതട്ടായി,
പൊന്നിന്റെ ചുമരുകളൊന്നൊന്നായി
തുറന്നും കൊണ്ടൊടുവിൽ
ശൂന്യശിലകളുടെ ഭീഷണമായ അരങ്ങിലേ- ക്കാകാശത്തു നിന്നു നീ മറിഞ്ഞുവീണതും?
ബൈയോ-ബൈയോ


പറയൂ, ബൈയോ-ബൈയോ,
നിന്റേതു തന്നെ
എന്റെ നാവു തെറുക്കുന്ന വാക്കുകൾ,
നീ തന്നെ ഭാഷയെനിക്കു തന്നതും,
മഴയുമിലയുമരച്ചുചേർത്ത ആ നിശാഗാനം.
കുട്ടി പറയുന്നതിനാരും കാതു കൊടുക്കാതിരുന്നപ്പോൾ
നീയാണെനിക്കു ചൊല്ലിത്തന്നത്
ഭൂമിയുടെ മഹോദയം,
നിന്റെ ദേശത്തെ പ്രബലശാന്തി,
പ്രാണനറ്റ കണകളുടെ വിറയിൽ
പൊറുതി കണ്ട പകയുടെ കഥയും,
ഒരായിരം കൊല്ലമായി ഇലവർങ്ങലതയുടെയിലകൾ
നിന്നോടു പറഞ്ഞതൊക്കെയും-
പിന്നെ നീ കടലിനെ പുണരുന്നതും ഞാൻ കണ്ടു, നാവുകളും മുലകളുമായി പിരിഞ്ഞും,
പരന്നും പൂവിട്ടും,
ചോരയുടെ നിറമുള്ളൊരു പഴംകഥയടക്കത്തിൽ പറഞ്ഞും.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...