Sunday, April 22, 2018

ഡോ.കെ . അയ്യപ്പപണിക്കർ - നീ തന്നെ ജീവിതം സന്ധ്യേ


ഡോ.കെ . അയ്യപ്പപണിക്കർ -
 നീ തന്നെ ജീവിതം സന്ധ്യേ

 

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!


No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...