Monday, April 23, 2018


ഓമനത്തിങ്കള്‍ക്കിടാവോ   ശ്രവിക്കുക

ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരി പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ
ശോഭ കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പര മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ
എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍
മമ വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ
കൂരിരുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ
എന്നും കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍
ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ
അതി സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി
തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ
നാവിന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ
നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ
ഏറ്റം പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ
നല്ലഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ
ബഹുധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ
മാര്‍ഗ്ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ
ഞാനും തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ
മമകൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ
ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ
തിരുനെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ
പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ
ഇനി ഭാഗ്യം വരുന്ന വഴിയോ
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...